കുവൈറ്റ് സിറ്റി: കുവൈറ്റിലെ ക്രിസ്തീയവിശ്വാസത്തിന്റെ കേന്ദ്രമായ അഹ്മദിയിലെ ഔവർ ലേഡി ഓഫ് അറേബ്യ പള്ളി മൈനർ ബസിലിക്കയായി ഉയർത്തി.
തിരുക്കർമങ്ങളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ മുഖ്യകാർമികനായിരുന്നു. വിശുദ്ധ കുർബാനമധ്യേ മൈനർ ബസിലിക്കയായി ഉയർത്തിക്കൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനം അദ്ദേഹം അനാച്ഛാദനം ചെയ്തു.
ഇത് കുവൈറ്റിലെ മാത്രമല്ല, അറേബ്യൻ ഉപദ്വീപിലെ മുഴുവൻ ക്രൈസ്തവസമൂഹത്തിനും ചരിത്രനിമിഷമാണെന്ന് കർദിനാൾ പരോളിൻ വചനസന്ദേശത്തിൽ പറഞ്ഞു. ഈ അംഗീകാരം കേവലം സഭാ കെട്ടിടത്തിനുള്ള ബഹുമതിയല്ലെന്നും മറിച്ച് അറേബ്യൻ ഉപദ്വീപിലുടനീളമുള്ള സഭയുടെ പതിറ്റാണ്ടുകൾ നീണ്ട ആത്മീയയാത്രയ്ക്കും അതിന്റെ ദൗത്യത്തിനുമുള്ള അംഗീകാരമാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
പള്ളി സ്ഥാപിതമായതു മുതൽ തദ്ദേശീയരും കുടിയേറ്റക്കാരുമായ സമൂഹങ്ങളുമായി, പ്രത്യേകിച്ച് 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എത്തിയ കുടിയേറ്റ തൊഴിലാളികളുമായുള്ള സഭയുടെ ആഴമായ ബന്ധം കർദിനാൾ എടുത്തുപറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾ, നമ്മുടെ മാതാവായ കന്യകമറിയത്തോടുള്ള അവരുടെ വിശ്വാസവും ഭക്തിയും അവരോടൊപ്പം കൊണ്ടുവന്നുകൊണ്ട് ഇവിടെ സഭയെ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചു. എണ്ണമറ്റ വിശ്വാസികൾക്ക് പ്രത്യാശയും ആശ്വാസവും നൽകുന്ന ആത്മീയസങ്കേതമായി ഈ പള്ളി വളർന്നു. ബസിലിക്കയുടെ യഥാർഥ മഹത്വം അതിന്റെ ഘടനയുടെ ഭംഗിയിലല്ല, മറിച്ച് ദൈനംദിന ജീവിതത്തിൽ സുവിശേഷമൂല്യങ്ങളുടെ പാതയിൽ ചരിക്കുന്നതിലൂടെയാണെന്നും കർദിനാൾ പരോളിൻ പറഞ്ഞു.
യൂറോപ്യൻ കാര്യങ്ങൾക്കായുള്ള കുവൈറ്റ് അസി. വിദേശകാര്യമന്ത്രി സാദിഖ് മറാഫി, സർക്കാർ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ഗൾഫ് രാജ്യങ്ങളിലെ വിവിധ ബിഷപ്പുമാർ, നൂറുകണക്കിനു വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ കർദിനാൾ പരോളിൻ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ള അൽ അഹമ്മദ് അൽ സബായുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. വത്തിക്കാനും കുവൈറ്റുമായുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അത് പൂർവാധികം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മതസഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയതും പിന്നീട് ഭരണഘടനയിൽ ഉൾപ്പെടുത്തിയതുമായ മൂല്യങ്ങളാണിവയെന്നും വ്യക്തമാക്കി.